യക്ഷി
താംബൂലം നീട്ടാതെ തിരിഞ്ഞോടാനാഞ്ഞാൽ
ദംഷ്ട്രകളിൽ കൊരുത്തവൾ
കുടഞ്ഞുകളിയ്ക്കും..പെൺപുലിയെപ്പോലെ..!
അഴിഞ്ഞുലഞ്ഞ് കറുത്തിടതൂർന്ന മുടിയിൽ
വശീകരണത്തൈലം തേച്ചവൾ
ഉലർത്തിയെറിയും….
ആയിരം കാമുകന്മാരുടെ കരളിൽ കുരുക്കി..
വലിച്ചടുപ്പിക്കും….
ഭോഗസുഖം പകർന്നേതോ യാമത്തിൽ
ചോരയും നീരുമൂറ്റി… ചവച്ചു തുപ്പും!
ഓടയോരങളിൽ..,.ചവറ്റുകൂനകളിൽ..,
ചുവപ്പുനോട്ടങ്ങൾക്കു മുന്നിലെ
ചില്ലുജാലകങൾക്കരികിൽ……,
കൈനീട്ടിനിൽക്കുന്ന അഴുക്കു പാവകൾ
അവൾ വലിച്ചെറിഞ്ഞ കളിപ്പാട്ടങ്ങൾ..മാത്രം..!
രക്തത്തിൽ ലഹരികലർത്തി
മജ്ജയും മാംസവും മനസ്സും മരവിപ്പിച്ച്
കരിമ്പനക്കൊട്ടാരങ്ങളിൽ
തടവിലാക്കപ്പെട്ടവരെത്ര…..
അവളുടെ…തീരാത്ത നിർവേദങ്ങൾ
പകർത്താൻ വേണ്ടിമാത്രം..!
ഇരമ്പുമീജീവിതാരവങൾക്കിടയിൽ
പ്രതിധ്വനിയ്ക്കുന്നതവളുടെയട്ടഹാസങൾ..
പകലൊടുക്കങളിൽ കാതോർത്താൽ….
അവളുടെ സീൽക്കാരങൾ…!
ആൾത്തിരക്കുകൾക്കിടയിലെ
ആഴമേറിയ ഇരുൾക്കയങ്ങളിൽ….
ആരുമറിയാതവൾ പെറ്റുകൂട്ടുന്നുമുണ്ടത്രെ
ആയുധം കളിപ്പാട്ടമാക്കിയ
കറുത്ത ചെന്നായ് കുഞ്ഞുങളെ !!
ഇനിയൊരു സിംഹികയെപ്പോലെ
അവളീമണ്ണിനെ വിഴുങും…..പിന്നെ
അവളുടെ കറുത്ത സന്തതികളായി
മരിച്ചുജനിയ്ക്കുമീ..നമ്മളും !
കൂർത്ത ചെവിയും..ചോരച്ച കണ്ണുകളും
ആഴ്ന്നിറങ്ങുന്ന ദംഷ്ട്രകളുമുള്ള
പാവം ചെന്നായ്ക്കുഞ്ഞുങ്ങളായി…!
No comments:
Post a Comment